Monday, June 2, 2008

ഹോം നഴ്സ്‌

"നാളെ പുറപ്പെടണം... ചാലക്കുടിയ്ക്കടുത്ത്‌ ഒരു വീട്ടില്‍ കിടപ്പിലായ ഒരു അമ്മൂമ്മയെ നോക്കാനാണ്‌.." ഹോം നഴ്സിംഗ്‌ സ്ഥാപനത്തിന്റെ മാനേജര്‍ വിളിച്ച്‌ പറഞ്ഞത്‌ കേട്ട്‌ ബാഗില്‍ വസ്ത്രങ്ങളെല്ലാം അടുക്കിവച്ചു.

പിറ്റേന്ന് വീട്ടുകാര്‍ പറഞ്ഞുതന്നതനുസരിച്ച്‌ ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നിറങ്ങി. അവിടെ അവര്‍ കാറുമായി വന്നിരുന്നു. അവരുടെ കൂടെ വീട്ടിലേയ്ക്ക്‌... പോകുന്ന വഴിയ്ക്ക്‌ കുറച്ച്‌ കുശലങ്ങള്‍ ചോദിച്ചു... പതിവ്‌ ചോദ്യങ്ങള്‍, പതിവ്‌ ഉത്തരങ്ങള്‍... തന്റെ വീട്ടുകാരെക്കുറിച്ചും ഭര്‍ത്തവിനെയും മക്കളെയും കുറിച്ചും....

വീട്ടിലെത്തി... 75 വയസ്സുള്ള അമ്മൂമ്മ... നടക്കാന്‍ വയ്യാതായിരിക്കുന്നു.. കാലിന്റെ എല്ല് ചെറിയ പൊട്ടലുണ്ട്‌ അത്രേ.. ഇനി ശരിയാവില്ല എന്ന് തോന്നുന്നു... പാവം...

'അപ്പോ ഈ പാവം മരിക്കുന്നവരെ നോക്കാനായിരിക്കും എന്നെ കൊണ്ടുവന്നത്‌' മനസ്സില്‍ ഉറപ്പിച്ചു.

സ്വന്തം മക്കള്‍ പോലും ശുശ്രൂഷിക്കാന്‍ മടിക്കുന്നു... അവര്‍ക്ക്‌ സമയവുമില്ല, സൗകര്യവുമില്ല, ഭാഗ്യത്തിന്‌ സാമ്പത്തിക ശേഷിയുണ്ട്‌.. അതുകൊണ്ട്‌ ഈ പാവം നരകിക്കുന്നില്ല...

ആ അമ്മൂമ്മയെ പരിപാലിച്ച്‌ ദിവസങ്ങള്‍ കടന്നുപോയി.. രാത്രികാലങ്ങളില്‍ വേദനകൊണ്ട്‌ അമ്മൂമ്മ കരയുകയും ഇടയ്ക്കിടയ്ക്ക്‌ മൂത്രമൊഴിക്കാനു മറ്റും സഹായം ആവശ്യപ്പെടുകയും ചെയ്യും... അതുകൊണ്ട്‌ തന്നെ രാത്രി അധികം ഉറക്കമില്ല..

പകലാണെങ്കില്‍ അമ്മൂമ്മയെ കാണാനും മറ്റും ആളുകള്‍ വരും, അല്ലാത്ത സമയത്ത്‌ അമ്മൂമ്മ ഉറങ്ങും... അപ്പോഴും തനിയ്ക്ക്‌ വീട്ടുകാരെ സഹായിക്കലും അമ്മൂമ്മയുടെ വസ്ത്രങ്ങള്‍ അലക്കുകയും ചെയ്യുന്ന തിരക്കാണ്‌..

ഒരു ദിവസം അമ്മൂമ്മയ്ക്ക്‌ അസുഖം കൂടുതലായി.. ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയിലും എല്ലാ പരിചരണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി കൂടെത്തന്നെ ഉണ്ടായിരുന്നു... ഒടുവില്‍ ആ അമ്മൂമ്മ മരിച്ചു... മക്കള്‍ക്കും മറ്റും ദുഖമുണ്ടായെങ്കിലും ആശ്വാസമായിരുന്നോ കൂടുതലും എന്ന് സംശയം... 'അമ്മ അധികം കഷ്ടപ്പെടാതെ പോയല്ലോ' എന്നതാണോ 'അധികം കഷ്ടപ്പെടുത്താതെ പോയല്ലോ' എന്നതോ കാരണം?

എന്തായാലും വല്ലാത്ത ദുഖം തോന്നി.. തന്റെ ആരുമല്ലെങ്കിലും കുറേനാള്‍ പരിചരിച്ചതല്ലേ.. അവരുടെ വേദനയും അവരുടെ വേവലാതികളും രാവും പകലും കേട്ടതല്ലേ... പാവം....

ഇനി എങ്ങോട്ട്‌?

ഏജന്‍സിയിലേയ്ക്ക്‌ തിരികെ ചെല്ലാന്‍ പറഞ്ഞു. കൊണ്ടുവന്ന ബാഗും ആ വീട്ടുകാര്‍ സന്തോഷത്തോടെ കൊടുത്ത ഒന്ന് രണ്ട്‌ ഡ്രസ്സുമായി തിരിച്ചു.

രണ്ട്‌ ദിവസങ്ങള്‍ക്കകം മറ്റൊരുവീട്ടില്‍ 6 മാസം പ്രായമയ കുട്ടിയെ നോക്കാന്‍ പോകണമെന്ന് അറിയിച്ചു.

ആ വീട്ടുകാര്‍ ഏജന്‍സിയില്‍ വന്ന് കൊണ്ടുപോയി... ഭാര്യയും ഭര്‍ത്താവും ജോലിക്കാര്‍... കുട്ടിയെ നോക്കാന്‍ രണ്ടുപേരുടെ വീട്ടില്‍ നിന്നും സ്ഥിരമായി വന്ന് നില്‍ക്കാന്‍ ആര്‍ക്കും ഒഴിവില്ല... എങ്കിലും ഇടയ്ക്കിടയ്ക്ക്‌ ആരെങ്കിലും വരും...

ആ കൊച്ച്‌ കുഞ്ഞിനെ താലോലിച്ച്‌ അത്‌ ഉറങ്ങുമ്പോള്‍ വീട്ട്‌ ജോലിയും ചെയ്ത്‌ ദിവസങ്ങള്‍ മുന്നോട്ട്‌.. നല്ല വീട്ടുകാര്‍, തന്റെ കാര്യങ്ങളില്‍ ഒരു വേര്‍തിരിവും കാണിക്കുന്നില്ല... കുട്ടിയെ പരിപാലിക്കുന്നതിനാല്‍ താന്‍ മറ്റ്‌ ദുഖങ്ങളൊന്നും അറിയുന്നില്ല... അതിന്റെ കാര്യങ്ങള്‍ നോക്കുകയും കളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതില്‍പരം എന്ത്‌ സന്തോഷം...

പക്ഷെ, ഇടയ്ക്ക്‌ കുഞ്ഞ്‌ ഉറങ്ങുമ്പോള്‍ വെറുതേ പഴയ ചിന്തകള്‍ കയറിവരും... എല്ലാവരോടും പറയുമ്പോള്‍ ഭര്‍ത്താവും കുട്ടികളും എല്ലാവരും ഉണ്ട്‌.. പക്ഷേ..........................................

ഭര്‍ത്താവ്‌ വിവാഹമോചനം കഴിഞ്ഞ്‌ വേറെ കെട്ടിയെന്ന് ആരോടെങ്കിലും പറയാന്‍ പറ്റുമോ? എന്ത്‌ കാരണം പറയും? വ്യഭിചാരക്കുറ്റമാണ്‌ തന്നില്‍ ആരോപിച്ചതെന്ന് പറയാനൊക്കുമോ? ഭര്‍ത്താവിന്റെ ആശാരിപ്പണികൊണ്ട്‌ കുടുംബം മുന്നോട്ട്‌ നീങ്ങാതായപ്പോള്‍ സ്വന്തമായി ഒരു ജോലി തേടിയതാണോ തെറ്റ്‌.... പല വീടുകളിലും സ്ഥലങ്ങളിലുമായി മാറിമാറി താമസിക്കേണ്ടിവന്നു എന്നത്‌ സത്യം തന്നെ.. പക്ഷേ, മാസംതോറും വീട്ടിലേയ്ക്കും തന്റെ അച്ഛനും അമ്മയ്കും അനിയത്തിയ്ക്കും അവരുടെ ചിലവിനായി പണമയയ്ക്കാന്‍ കഴിഞ്ഞത്‌ അതുകൊണ്ടല്ലേ....

ഊരുചുറ്റല്‍ നിര്‍ത്തി വീട്ടില്‍ വന്ന് നില്‍ക്കാന്‍ ഭര്‍ത്താവ്‌ നിര്‍ബദ്ധിച്ചതിന്റെ കാരണം വിശ്വാസമില്ലായ്മയാണെന്നറിഞ്ഞപ്പോള്‍ അതിന്റെ പേരിലാണെങ്കില്‍ പറ്റില്ലെന്ന് ശഠിച്ചു എന്നത്‌ ശരിതന്നെ. തന്റെ അഭിമാനബോധത്തെയാണ്‌ വ്രണപ്പെടുത്തിയത്‌.. അല്ലെങ്കില്‍ സമ്മതിക്കുമായിരുന്നോ... ആവോ അറിയില്ല...

അന്ന്,... ബോംബെയിലെ ഒരു വീട്ടുകാര്‍ക്ക്‌ വേണ്ടിപോയ സമയത്താണ്‌ ഭര്‍ത്താവ്‌ വിവാഹമോചന നടപടികള്‍ പൂര്‍ത്തീകരിച്ചത്‌.. എന്തേ കോമ്പ്രമൈസിന്‌ തയ്യാറാവാതിരുന്നത്‌? തന്റെ പിടിവാശിയാണോ? എന്തായാലും അതങ്ങിനെയായി... കുട്ടികള്‍ ഭര്‍ത്താവിനോടൊപ്പം തന്നെ..

ആദ്യമൊക്കെ അവരെ സ്കൂളിലും മറ്റും പോയി കണ്ടിരുന്നു.. ഇപ്പോ അവര്‍ക്കും തന്നെ കാണുന്നത്‌ എതിര്‍പ്പായിരിയ്ക്കുന്നു.. അവരും വിശ്വസിക്കുന്നോ ഞാന്‍ വൃത്തികെട്ടവളാണെന്ന്? എങ്കില്‍ അവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കണ്ടല്ലോ എന്ന് വിചാരിച്ച്‌ ഇപ്പോ പോകാറില്ലാ... എന്നെങ്കിലും അവര്‍ക്ക്‌ ബോധ്യപ്പെട്ട്‌ വരുന്നെങ്കില്‍ വരട്ടെ..

ഇപ്പോ രണ്ടുമക്കളും വളര്‍ന്നു.. മൂത്തവന്‍ വര്‍ക്ക്ഷോപ്പില്‍ പോകുന്നു, മകള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു... നാട്ടില്‍ വയസ്സായ അച്ഛനമ്മമാരുടെ അടുത്ത്‌ പോകുമ്പോള്‍ ഭര്‍ത്താവിന്റെ ജോലിസ്ഥലത്തിന്റെ മുന്നിലൂടെയാണ്‌ പോകുക. തന്നെ തോല്‍പ്പിച്ചു എന്ന് തോന്നാതിരിക്കാന്‍ നല്ല വസ്ത്രം ധരിച്ച്‌ ഗമയില്‍ തന്നെയാണ്‌ പോകാറ്‌... അഹങ്കാരി എന്ന് തോന്നുന്നുണ്ടാവും... ആവട്ടെ... എന്നാലും തോല്‍ക്കാന്‍ മനസ്സില്ല.. പക്ഷേ, എത്രകാലം...

വീട്ടില്‍ അച്ഛനും അമ്മയ്ക്കും തന്നെ വിശ്വാസമാണെന്നതാണ്‌ ഒരു ആശ്വാസം.. അനിയത്തിയ്ക്കുപോലും രണ്ട്‌ ദിവസത്തില്‍ കൂടുതല്‍ വീട്ടില്‍ നിന്നാല്‍ ഇഷ്ടപ്പെടില്ല... എല്ലാവര്‍ക്കും അവരവരുടെ കാര്യം.. കുറ്റം പറയാന്‍ കഴിയില്ലല്ലോ...

കാലങ്ങളായി പല വീടുകളിലും നിന്ന് ജോലിചെയ്തത്‌ ചേര്‍ത്ത്‌ വച്ച്‌ ഒരു ചെറിയ വീട്‌ വാങ്ങണമെന്നാണ്‌ ആഗ്രഹം.. ആ നാട്ടില്‍ അന്തസ്സായി സ്വന്തം വീട്ടില്‍ ജീവിക്കണം.. ആരെയും ആശ്രയിക്കാതെ ജോലിയെടുത്ത്‌ കഴിയണം.

ഒടുവില്‍ ഒരു മുറിയും അടുക്കളയുമുള്ള ഒരു ചെറിയ വീട്‌... അത്‌ വാങ്ങിത്തരാന്‍ നാട്ടിലുള്ള ഒരു കൂട്ടുകാരിയുടെ ഭര്‍ത്താവ്‌ സഹായിച്ചു... ഒരു പാവം മനുഷ്യന്‍... കൂട്ടുകാരി അറിഞ്ഞാല്‍ അയാളെ സംശയിക്കും, അതുകൊണ്ട്‌ തന്നെ അയാള്‍ നേരിട്ട്‌ ഒന്നിലും ഇടപെട്ടില്ല.. ഒരു വസ്തു കൊടുക്കാനുള്ള വിവരം അറിയിക്കുകയും വേണ്ട നടപടികള്‍ക്ക്‌ സഹായിക്കുകയും ചെയ്തു..

കുട്ടിയുടെ ഉറക്കമുണര്‍ന്നുള്ള കരച്ചില്‍ കേട്ട്‌ ഓര്‍മ്മകളുടെ കൂമ്പാരത്തിന്നിടയില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു...

കുട്ടിയെ എടുത്ത്‌ താലോലിച്ച്‌ അതിനുള്ള ഭക്ഷണം കൊടുത്തു. എത്ര കുട്ടികളെയായി നോക്കുന്നു.. സ്വന്തം അമ്മയെപ്പോലെ.. നോക്കിയ പലകുട്ടികളും വളര്‍ന്ന് വലുതായിട്ടുണ്ടാകും.. സ്കൂളില്‍ പോയിത്തുടങ്ങിയിട്ടുണ്ടാവും... അവരൊന്നും തന്നെ ഇപ്പോ അറിയില്ല...ഓര്‍ക്കുന്നേ ഉണ്ടാവില്ല.. എങ്ങനെ ഓര്‍ക്കും.. ഓര്‍ക്കാനുള്ള പ്രായമാകുമ്പോഴെയ്ക്ക്‌ താന്‍ സ്ഥലം മാറിപ്പോവില്ലേ.. പോകെണ്ടിവരില്ലേ... തനിയ്ക്ക്‌ ഓരോ കുട്ടിയേയും ഓര്‍മ്മയുണ്ട്‌...അവരുടെ കൊഞ്ചലുകളും കുസൃതികളും.. കാണാന്‍ കൊതിയുണ്ടെങ്കിലും എന്ത്‌ ചെയ്യാന്‍?

പകല്‍ അധികവും കുട്ടിയെ നോക്കലും വീട്ടുജോലിയുമായി പോകും.. രാത്രി ഉറങ്ങാം കിടക്കുമ്പോള്‍ വീണ്ടും പഴയ കഥകള്‍ മനസ്സിലേയ്ക്ക്‌ അതിക്രമിച്ച്‌ കടക്കും.. ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടിട്ടല്ല, എങ്കിലും..............................

ചില വീടുകളില്‍ ആദ്യമൊക്കെ സംശയമായിരുന്നു... മോഷ്ടിക്കുമോ എന്നും മറ്റും നേരിട്ട്‌ ചോദിച്ചിട്ട്‌ വരെയുണ്ട്‌ ചിലര്‍... എന്ത്‌ ചെയ്യാന്‍, തന്റെ ജോലി ഇങ്ങനെയൊക്കെ ആയിപ്പോയില്ലേ...

ചിലരുടെ നോട്ടം തന്നെ എന്തോ ദുരുദ്ദേശം വച്ചിട്ടുള്ളതാണ്‌. പലപ്പോഴും തോന്നിയിട്ടുണ്ട്‌ എന്തിനാണ്‌ ഇങ്ങനെ വല്ല്യ അഭിമാനിയാവുന്നതെന്ന്... ചിലരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്ക്‌ സമ്മതിച്ചുകൊടുത്താല്‍ പല ഗുണങ്ങളുമുണ്ട്‌.. എന്നിട്ടും കഴിഞ്ഞില്ലാ... പക്ഷേ, ചീത്തപ്പേരിനുമാത്രം നാട്ടില്‍ കുറവില്ല. അതങ്ങനെയൊക്കെ തന്നെ... തനിയ്ക്കെന്ത്‌ ചെയ്യാന്‍ കഴിയും...

ഒരു വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ആലോചിച്ചു.. പക്ഷേ, തനിയ്ക്ക്‌ ഇനി കുട്ടികളുണ്ടാവില്ലല്ലോ.. എങ്കിലും ഇങ്ങനെ അലഞ്ഞ്‌ നടക്കാതെ ഒരു വീട്‌..

ഈ കുഞ്ഞും വളര്‍ന്നിരിയ്ക്കുന്നു.. 3 വയസ്സാവാറായി... തന്നെ കുട്ടിയ്ക്ക്‌ വല്ല്യ കാര്യമാണ്‌. അതുകൊണ്ട്‌ തന്നെ വീട്ടുകാര്‍ക്ക്‌ ഒരു പേടി... താന്‍ ഒരു ബാധ്യതയാകുമോ എന്ന്... കുട്ടിയ്ക്ക്‌ കൂടുതല്‍ അടുപ്പം വന്നാല്‍ പിന്നീട്‌ വേര്‍പിരിയുമ്പോള്‍ മാനസികസംഘര്‍ഷം ഉണ്ടാവുമത്രേ... അവരുടെ അമ്മ വീട്ടില്‍ വന്ന് നില്‍ക്കാന്‍ സാധിക്കുന്ന അവസ്ഥയായിരിയ്ക്കുന്നു... അതുകൊണ്ട്‌ തന്നെ അടുത്തമാസം മുതല്‍ ഏജന്‍സിയിലേയ്ക്ക്‌ തന്നെ തിരിച്ച്‌ പൊയ്ക്കൊള്ളാന്‍ പറഞ്ഞു.

പോകുന്ന ദിവസം വല്ലാതെ കരഞ്ഞുപോയി.. എല്ലായിടത്ത്‌ നിന്നും പോകുമ്പോള്‍ നിറയുന്ന കണ്ണുകള്‍ ആരും കാണാതെ ശ്രദ്ധിച്ചിരുന്നു... ഇവിടെ മാത്രം അതിനുകഴിഞ്ഞില്ലാ.. ആ കുഞ്ഞിനെ കെട്ടിപ്പിടിച്ച്‌ ഒരുപാട്‌ കരഞ്ഞു.. ആ വീട്ടുകാര്‍ക്കും വിഷമമായി എന്ന് തോന്നുന്നു... ഒടുവില്‍ മനസ്സിന്‌ ധൈര്യം കൊടുത്ത്‌ ബാഗുമെടുത്ത്‌ നടന്നു...

അടുത്ത സ്ഥലത്തേയ്ക്ക്‌... വേദനാജനകമായ എത്രയോ വേര്‍പിരിയലുകള്‍ ഇനിയും ബാക്കി.... താന്‍ നോക്കിവളര്‍ത്തിയ കുഞ്ഞുങ്ങളെല്ലാം സുഖമായിരിയ്ക്കണേ എന്ന പ്രാര്‍ത്ഥനമാത്രം മനസ്സില്‍....

Friday, April 11, 2008

ബന്ധനങ്ങളില്ലാത്ത ബന്ധങ്ങള്‍ (ഭാഗം 2)

പരിചയമുള്ള സുഹൃത്തുക്കളില്‍ പലരേയും അവന്‍ സങ്കല്‍പിച്ചുനോക്കി.... ആരുമായും അവള്‍ക്ക്‌ പ്രേമം ഉണ്ടെന്ന് തോന്നിക്കുന്ന ഒരു സൂചനകളും തോന്നിയില്ലാ... പലരുമായും സൗഹൃദമുണ്ടെങ്കിലും അവരാരും അവളുമായി അങ്ങനെ ഒരു ബന്ധത്തിന്‌ സാദ്ധ്യതയുമില്ലാ... അതില്‍ തന്നെ പലരും അവളുടെ പൂര്‍വ്വകാല കോളേജ്‌ ജീവിതവും മറ്റും അറിയുന്നവരുമായിരുന്നു എന്നത്‌ തന്നെ കാരണം....

'അവള്‍' പൊതുവേ ദുഖിതയാണെന്നത്‌ പല സുഹൃത്തുക്കളും തിരിച്ചറിഞ്ഞു.. അവര്‍ പരസ്പരം ഇത്‌ പ്രകടിപ്പിക്കുകയും നേരിട്ട്‌ ചോദിക്കുകയും ചെയ്തെങ്കിലും വ്യക്തമായ മറുപടികളൊന്നും ഉണ്ടായില്ല....

രണ്ട്‌ ദിവസത്തിനകം കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞു.

ജീവിതത്തിന്റെ പ്രധാന ചോദ്യത്തിന്‌ പോസിറ്റീവായ ഉത്തരം ആദ്യമായി അവനെത്തന്നെ അറിയിക്കണമെന്ന് അവള്‍ക്ക്‌ നിര്‍ബന്ധമായിരുന്നു. അവളുടെ ആ സന്തോഷവാര്‍ത്ത അവനെ അറിയിച്ചു. അവളുടെ പ്രേമാഭ്യര്‍ത്ഥന അവളുടെ 'പ്രേമഭാജന'മായ സുഹൃത്ത്‌ വളരെ ആലോചനകള്‍ക്ക്‌ ശേഷം അംഗീകരിച്ചിരിക്കുന്നു എന്ന്.

കമ്പനിയിലെ തന്നെ അവളുടെ മറ്റൊരു സുഹൃത്തും ഏകദേശം അവളുടെ തന്നെ പ്രായവും മാത്രമുള്ള, വളരെ സ്മാര്‍ട്ടായ അവളുടെ 'കാമുകനെ' അവള്‍ പ്രഖ്യപിച്ചു....

അവന്‍ അവളുടെ ദുഖത്തിന്റെ ശമനമുണ്ടായതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും നല്ലൊരു ജീവിതം ആശംസിക്കുകയും ചെയ്തു.

തന്റെ പ്രേമത്തെക്കുറിച്ചുള്ള ആ ന്യൂസ്‌ അവള്‍ സന്തോഷത്തോടെ സുഹൃത്തുക്കളുമായി പങ്കുവച്ചു... അതും, യാതൊരു സങ്കോചവുമില്ലാതെ...

പക്ഷെ, അവള്‍ കുറച്ച്‌ ദിവസങ്ങള്‍ അനുഭവിച്ച്‌ ആ വല്ലാത്ത മാനസിക സംഘര്‍ഷത്തിന്റെ കാരണം അവന്‍ മറ്റ്‌ പലരില്‍ നിന്നും മനസ്സിലാക്കി. അവളുടെ പ്രേമാഭ്യര്‍ത്ഥന ആദ്യഘട്ടത്തില്‍ അവളുടെ സുഹൃത്ത്‌ നിരസിച്ചു... പിന്നീടങ്ങോട്ട്‌ സമ്മര്‍ദ്ദങ്ങളും വിഷമങ്ങളും നിറഞ്ഞ ദിനങ്ങളായിരുന്നു.... അങ്ങനെ ഒരുപാട്‌ നിര്‍ബന്ധങ്ങള്‍ക്കും പ്രേരണകള്‍ക്കും വഴങ്ങിയാണത്രേ അവളുടെ പ്രേമാഭ്യര്‍ത്ഥനയ്ക്ക്‌ പോസിറ്റീവായ ഒരു റിസല്‍ട്ടുണ്ടായത്‌...

എല്ലാവരും അറിഞ്ഞാല്‍ പിന്നെ ഇനി ഒളിവും മറയുമൊന്നും വേണ്ടല്ലോ... അങ്ങനെ ആ ഇണക്കുരുവികള്‍ എല്ലാവരാലും അംഗീകൃതമായ പരിവേഷത്താല്‍ പ്രേമജീവിതം തുടര്‍ന്നു.

അവന്റെ ജീവിതത്തെ ഇത്‌ വല്ലാതൊന്നും അലട്ടിയില്ല... എങ്കിലും സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള ചിന്താധരണിയില്‍ ഉത്തരം കിട്ടാത്ത ഒരു കണ്ണികൂടി....

കുറച്ച്‌ മാസങ്ങള്‍ക്ക്‌ ശേഷം അവന്‍ വിദ്യാഭ്യാസവും നല്ല കുടുംബ പശ്ചാത്തലവുമുള്ള വീട്ടില്‍ നിന്ന് സുന്ദരിയായ നല്ലൊരു പെണ്‍ കുട്ടിയെ വിവാഹം കഴിച്ചു.

മാസങ്ങള്‍ കടന്നുപോയി......

അവനും അവളും കമ്പനികള്‍ മാറി... സ്ഥലങ്ങള്‍ മാറി.... അങ്ങനെ അങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിലായി ജീവിതത്തിന്റെ തിരക്കുപിടിച്ച ട്രാക്കുകളിലൂടെയുള്ള യാത്ര തുടര്‍ന്നു...

അവര്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷനുകള്‍ വളരേ കുറഞ്ഞു.... വല്ല്ലപ്പോഴും ചില ഇ-മെയില്‍ സന്ദേശങ്ങള്‍ മാത്രം....

അവളും അവളുടെ 'പ്രേമഭാജനവും' തമ്മിലുള്ള വിവാഹം നടന്നു..... വിവാഹക്കാര്യം എല്ലാ സുഹൃത്തുക്കളെയും മുന്‍പ്‌ ഒരുമിച്ച്‌ ജോലിചെയ്ത എല്ലാവരെയും അറിയിക്കുകയും ചെയ്തിരുന്നു....

അവന്‍ ഭാര്യയും കുട്ടികളുമായി സുഖമായി ജീവിക്കുന്നു..... ഇടയ്ക്ക്‌ വല്ലപ്പോഴും പൊടിപിടിച്ചിട്ടും മായാതെ മനസ്സിന്റെ ഒരു റാക്കില്‍ കിടക്കുന്ന ആ പഴയ സ്നേഹത്തെ വെറുതേ ഒന്ന് ഓര്‍ത്തെടുത്ത്‌ നോക്കും....... എന്നിട്ട്‌ തിരികെ ആ പൊടിപിടിച്ച റാക്കില്‍ തന്നെ വയ്ക്കും......

അവള്‍ ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം ലോകത്തിന്റെ മറ്റൊരു കോണില്‍ ജീവിക്കുന്നു... ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട്‌ ജീവിക്കുമ്പോള്‍ ആ തിരക്കുകളിലും വല്ലപ്പോഴും അവളുടെ മനസ്സിലും പഴയകാല അനുഭവത്തിന്റെ ഓര്‍മ്മമള്‍ ഒരു മിന്നല്‍പിണര്‍ പോലെ കടന്നുപോകും...

ജീവിതം തുടരും.....

Monday, April 7, 2008

ബന്ധനങ്ങളല്ലാത്ത ബന്ധങ്ങള്‍ (ഭാഗം 1)

'അവന്‍' ഐ.ടി. പാര്‍ക്കിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ പുതുതായി ലഭിച്ച ജോലിയില്‍ പ്രവേശിക്കാന്‍ ആ പട്ടണത്തില്‍ വന്നിറങ്ങി. അവന്‌ സുഹൃത്തുക്കളും മറ്റും ധാരാളമുണ്ടായിരുന്ന സ്ഥലമായതിനാല്‍ താമസിക്കാന്‍ ഒരു വീട്‌ സുഹൃത്തുക്കളോടൊപ്പം ശരിയാക്കിയെടുക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.

'അവന്‍' വളരെ ജിജ്ഞാസയും ആത്മവിശ്വാസവുമായി ആ കമ്പനിയില്‍ ജോയിന്‍ ചെയ്യാനായി റിസപ്ഷന്‍ സോഫയില്‍ ഇരിയ്ക്കുന്നു.


'അവള്‍' തന്റെ ആദ്യജോലിയില്‍ പ്രവേശിക്കാനായി ആ കമ്പനിയിലേയ്ക്ക്‌ വളരെ പരിഭ്രമത്തോടെ അപ്പച്ചന്റെ കൂടെ കടന്നു വന്നു. സ്വതസിദ്ധമായ ആവറേജ്‌ സൗന്ദര്യത്തെ നല്ല വസ്ത്രധാരണം കൊണ്ട്‌ പൊലിപ്പിച്ചതിനാല്‍ ഏതൊരാള്‍ക്കും ആകര്‍ഷണം തോന്നാവുന്ന കുട്ടി.

അല്‍പ സമയം ആ റിസപ്ഷനിലെ സോഫയില്‍ ഇരുന്ന് കഴിഞ്ഞപ്പോള്‍ അവര്‍ അവിടെ വച്ച്‌ തന്നെ പരിചയപ്പെട്ടു. തന്റെ എക്സ്പീരിയന്‍സും മറ്റും പറഞ്ഞ്‌ അവന്‍ അവളെ തന്റെ 'പുലിത്തരം' ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പഠിച്ച സ്ഥലങ്ങളും നാടും മറ്റും പരസ്പരം പരിചയപ്പെടുത്തുന്നതില്‍ അപ്പച്ചനും നല്ല പങ്ക്‌ വചിച്ചു.

മകള്‍ ഇവിടെ പുതിയതാണെന്നും വേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും അപ്പച്ചന്‍ അവനോട്‌ സൂചിപ്പിച്ചപ്പോള്‍ വല്ല്യ സന്തോഷത്തോടെ അവന്‍ സമ്മതിച്ചു.

പുതിയ കമ്പനിയില്‍ അവള്‍ക്കും അവനും സുഹൃത്തുക്കളെ കിട്ടി. എങ്കിലും പല കാര്യങ്ങളിലും 'അവള്‍' അവന്റെ സഹായം തേടുകയോ അവന്‍ അങ്ങോട്ട്‌ സഹായമനസ്ഥിതി കാണിക്കുകയോ ചെയ്തു. അങ്ങനെ, ആ സൗഹൃദം വളര്‍ന്നു.

കാന്റീനുകളിലും മറ്റും സുഹൃത്തുക്കളോടൊന്നിച്ച്‌ പോകുമ്പോള്‍ അവനും അവളും രഹസ്യമായി പരസ്പരം ശ്രദ്ധിച്ചു, കൂടെ നടക്കാനും അടുത്തടുത്ത്‌ ഇരിയ്ക്കാനും പരമാവധി ശ്രമിച്ചു.

മറ്റുള്ളവര്‍ക്ക്‌ കാര്യമായി ഒന്നും തെറ്റിദ്ധാരണയില്ലാതിരിക്കാന്‍ അവര്‍ നല്ലപോലെ ശ്രദ്ധിച്ചു.

കമ്പനി ബസ്സില്‍ പലപ്പോഴും അടുത്തിരിയ്ക്കാന്‍ അവസരം ഉണ്ടായിട്ടും അതിന്‌ ശ്രമിക്കാതെ മറ്റ്‌ സുഹൃത്തുക്കളില്‍ സംശയത്തിന്റെ വിത്ത്‌ പാകാതിരിയ്ക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

പല ആഴ്ചാവസാനങ്ങളിലും സുഹൃത്തുക്കളോടൊപ്പം ഒരേ ട്രെയിനില്‍ തന്നെ നാട്ടില്‍ പോകാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. രണ്ടുപേരുടേയും വീട്‌ ഒരേ പ്രദേശട്ടല്ലെങ്കിലും കുറച്ചുദൂരമെങ്കിലും ഒരുമിച്ച്‌ യാത്രചെയ്യാമല്ലോ....

അവള്‍ക്ക്‌ ടിക്കറ്റ്‌ എടുക്കാനും, ബാഗ്‌ പിടിക്കാനും സീറ്റ്‌ പിടിക്കാനും അങ്ങനെ അങ്ങനെ അവളെ അവന്‍ ഒരുപാട്‌ ശ്രദ്ധയോടെ കൂടെ നിന്നു.

ട്രെയിനില്‍ ചിലപ്പോള്‍ അടുത്ത്‌ ഇരുന്ന് യാത്രചെയ്തെങ്കിലും മറ്റ്‌ സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ പരമാവധി നിയന്ത്രണങ്ങളില്‍ അവര്‍ തുടര്‍ന്നു.

അവര്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ എപ്പോഴും ഒരു മീഡിയം ആയി നിന്നു. മെസ്സേജുകളാല്‍ സമ്പന്നമായ സായന്തനങ്ങള്‍.... ഇടയ്ക്ക്‌ വല്ലപ്പോഴും ഫോണ്‍ കോളുകള്‍.... കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക്‌ സംശയം തോന്നാതിരിക്കാന്‍ മെസ്സേജുകളാണ്‌ കൂടുതല്‍ സുരക്ഷിതം എന്നവര്‍ക്കറിയാമായിരുന്നു.

അവര്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കി. വീട്ടുകാരെക്കുറിച്ചും അവരുടെ പഴയകാലങ്ങളെക്കുറിച്ചും മറ്റും രണ്ടുപേരും പരമാവധി കാര്യങ്ങള്‍ പങ്കുവച്ചു.

അവര്‍ക്കിടയില്‍ പ്രേമം ജനിക്കുന്നു എന്നവര്‍ക്ക്‌ അറിയാമായിരുന്നെങ്കിലും ഒന്നും തുറന്ന് രണ്ടുപേരും പറഞ്ഞില്ല... എന്തിന്‌ പറയണം? അത്‌ ബോദ്ധ്യപ്പെടുത്തുന്ന തരം SMS ധാരാളം പരസ്പരം അയയ്ക്കുന്നതിനാല്‍ അങ്ങനെ ഒരു ഫോര്‍മാലിറ്റി ആവശ്യമില്ലായിരുന്നു.

രണ്ടുപേരും രണ്ട്‌ വ്യത്യസ്ത കുടുംബപശ്ചാത്തലവും ജീവിത പശ്ചാത്തലവും മതവും ആയിരുന്നതിനാല്‍ വിവാഹം എന്നത്‌ അവര്‍ക്ക്‌ പ്രാക്റ്റിക്കലായി തോന്നിയിരുന്നുമില്ല. ഇത്തരം കാര്യങ്ങളും മനസ്സുകളില്‍ സൂക്ഷിച്ചതല്ലാതെ രണ്ടുപേരും തുറന്ന് സംസാരിച്ചുമില്ല.

ആ ബന്ധം രണ്ടുപേരും ആസ്വദിച്ചു. പരസ്പരം ശ്രദ്ധിക്കാനും സ്നേഹിക്കാനും പല സന്തോഷങ്ങളും ദുഖങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കുന്നതിന്റെ 'ഉണര്‍വ്വ്‌' അവരുടെ ജീവിതങ്ങളില്‍ പ്രതിഫലിച്ചു.

ഓഫീസില്ലാത്ത ദിവസങ്ങള്‍ അവര്‍ പരസ്പരം ഒരുപാട്‌ 'മിസ്സ്‌' ചെയ്തു... മെസ്സേജുകളിലൂടെയും അവസരം കിട്ടുമ്പോഴുള്ള ഫോണ്‍ കോളുകളിലൂടെയും അവര്‍ ആ 'മിസ്സിംഗ്‌' ഷെയര്‍ ചെയ്തു.

ഉന്മേഷഭരിതമായ ജീവിതം തുടര്‍ന്നു....

അവള്‍ ഒരിയ്ക്കല്‍ അധികം സുഹൃത്തുക്കളില്ലാത്ത ഒരു യാത്രയില്‍ തന്റെ ചില രഹസ്യങ്ങള്‍ അവനുമായി പങ്ക്‌ വച്ചു. അവന്‌ തന്നോട്‌ നല്ല സ്നേഹമാണെന്നതിനാല്‍ തന്നെ തനിയ്ക്ക്‌ അതിനുള്ള അര്‍ഹതയില്ലെന്നവള്‍ ഗദ്ഗദത്തോടെ അറിയിച്ചു.

പഴയകാല ജീവിതങ്ങളൊന്നും അവളോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സൃഷ്ടിക്കുന്നവയല്ലെന്നും അതൊന്നും അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ലെന്നും പ്രഖ്യാപിച്ച്‌ അവന്‍ തന്റെ ആത്മാര്‍ത്ഥതയുടെ നിറപ്പകിട്ട്‌ വര്‍ദ്ധിപ്പിച്ചു.

എങ്കിലും അവനോട്‌ അവള്‍ തന്റെ പഴയകാല ജീവിതത്തിലെ ചില വിഷാദച്ഛായയുള്ള ഏടുകളെക്കുറിച്ച്‌ വിവരിച്ചു.

"എന്നെക്കുറിച്ചും എന്റെ പഴയകാലത്തെക്കുറിച്ചും എന്തറിഞ്ഞിട്ടാണ്‌ എന്നെ ഇഷ്ടപ്പെടുന്നത്‌? അതെല്ലാം അറിഞ്ഞാല്‍ ഈ ഇഷ്ടമൊന്നും കാണില്ല..." അവള്‍ പറഞ്ഞു.

"പഴയകാലകാര്യങ്ങളൊന്നും എന്റെ ഇഷ്ടത്തെ ബാധിക്കില്ല... ഇപ്പോള്‍ ജീവിക്കാനാണ്‌ എനിക്കിഷ്ടം... അല്ലാതെ ഭൂതകാലത്തിന്റെ ഓര്‍മ്മകളിലല്ല...." അവന്റെ ഉത്തരം.

"എന്നാലും അറിയണം... ഞാന്‍ പറയാം... സ്നേഹം എന്നത്‌ എനിയ്ക്ക്‌ യോഗമുള്ളതല്ല...." അവളുടെ വാക്കുകളില്‍ നിരാശയുടെ നിഴല്‍ പരന്നിരുന്നു.

"പ്രീ ഡിഗ്രിയ്ക്ക്‌ പഠിക്കുമ്പോള്‍ നാട്ടിലെ ഒരു പയ്യന്‍ എന്നോട്‌ വല്ല്യ സൗഹൃദമായിരുന്നു... അവനില്‍ അത്‌ പ്രേമമായി... ഒടുവില്‍ വീട്ടില്‍ അറിഞ്ഞപ്പോള്‍ അവനെ ഭീഷണിപ്പെടുത്തുകയും വീട്ടുകാര്‍ ഇടപെട്ട്‌ അതവസാനിപ്പിക്കുകയും ചെയ്തു..."

"ഓ.. ഇതാണോ ഇത്ര വലിയ കാര്യം.." അവന്റെ വാക്കുകളില്‍ ആശ്വാസത്തിന്റെ ആയാസം പ്രകടമായിരുന്നു.

"അല്ലാ... ഡിഗ്രിയും പോസ്റ്റ്‌ ഗ്രജുവേഷനും ഞാന്‍ തമിഴ്‌ നാട്ടിലാണ്‌ പഠിച്ചതെന്ന് അറിയാമല്ലോ.... എനിയ്ക്ക്‌ അവിടെ ഒരു പ്രണയമുണ്ടായിരുന്നു.... 3 കൊല്ലം ഞങ്ങള്‍ ഒരുമിച്ച്‌ ഒരേ കോളേജില്‍ ഉണ്ടായിരുന്നു... ഞങ്ങള്‍ക്ക്‌ പരസ്പരം ഒരുപാട്‌ ഇഷ്ടമായിരുന്നു.... വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ച്‌ തന്നെയായിരുന്നു...." ഇത്രയും പറഞ്ഞപ്പോഴേയ്ക്ക്‌ പറഞ്ഞ്‌ തുടങ്ങിയപ്പോള്‍ ഉണ്ടായ ആവേശത്തില്‍ വിഷാദത്തിന്റെ കയ്പ്‌ കലര്‍ന്നുതുടങ്ങിയിരുന്നു.

അവന്‍ ഒന്നും പറയാതെ നോക്കിയിരുന്നു... ബാക്കിയുള്ള വരികള്‍ക്കായി....

"ഒടുവില്‍ അവന്‍ എന്നെ ശ്രദ്ധിക്കാതായി... എന്നെ കാണാതിരിയ്ക്കാന്‍ ശ്രമിക്കുന്നതായി എനിയ്ക്ക്‌ തോന്നി... ഞാന്‍ അന്വേഷിച്ചു ചെന്നു.... അവന്‍ സുഹൃത്തുക്കളോട്‌ പറഞ്ഞതെന്തെന്നാല്‍ അതെല്ലാം കോളേജ്‌ ലൈഫിന്റെ ഒരു രസം മാത്രമായിരുന്നു എന്നാണ്‌..."

"എന്നിട്ട്‌ നേരിട്ട്‌ സംസാരിച്ചില്ലേ???" അവന്‍ ഉല്‍കണ്ഠയോടെ ചോദിച്ചു.

"ഉവ്വ്‌... അവന്‍ എന്നോടും അത്‌ തന്നെ പറഞ്ഞു.... കോളേജിലെ രസത്തിനുവേണ്ടിയല്ലേ ഇതെല്ലാം ... വിവാഹം എന്നൊക്കെ പറഞ്ഞാല്‍ അത്ര എളുപ്പമല്ലത്രേ....."

അവളുടെ കണ്ണുകള്‍ കുറേശ്ശേ നിറഞ്ഞ്‌ തുടങ്ങിയിരുന്നു.

"വീട്ടില്‍ പോലും അറിയാമായിരുന്നു.... അവര്‍ക്ക്‌ എതിര്‍പ്പില്ലായിരുന്നു.... അവന്റെ മറുപടി കേട്ട്‌ ഞാന്‍ ആകെ തകര്‍ന്നു... കുറേ നാള്‍ വീട്ടില്‍ വിഷമത്തോടെ കഴിച്ച്‌ കൂട്ടി.... വീട്ടുകാര്‍ എന്നെ വഴക്ക്‌ പറഞ്ഞു... എല്ലാവരും എന്നെ കുറ്റപ്പെടുത്തി......" ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവളുടെ കണ്ണില്‍ നിന്ന് ആ തിളങ്ങുന്ന പ്രേമത്തിന്റെ കണികകള്‍ ഉതിര്‍ന്നുവീണു. ആരും കാണാതിരിയ്ക്കാന്‍ അവള്‍ പെട്ടെന്ന് കണ്ണുകള്‍ തുടച്ചു.

അവനും ആ വിഷമം മനസ്സിലേയ്ക്ക്‌ ആവാഹിച്ചു.

"വേറെ സുഹൃത്തുക്കള്‍ വഴി ശ്രമിച്ചില്ലേ അവനുമായി സംസാരിക്കാന്‍???" അവന്‍ ചോദിച്ചു.

"ഉവ്വ്‌... എല്ലാവരോടും ഇത്‌ തന്നെയാണ്‌ പറഞ്ഞത്‌.. പിന്നീട്‌ അറിഞ്ഞത്‌ അവന്‍ അകലെ എവിടെയോ ഷിപ്പിലോ മറ്റോ ജോലി കിട്ടി പോയി എന്നാണ്‌.... കുറേ നാളുകള്‍ എടുത്തു എനിയ്ക്ക്‌ ആ ആഘാതത്തില്‍ നിന്ന് പുറത്ത്‌ വരാന്‍..."

"ജീവിതത്തില്‍ അങ്ങനെ അപ്രതീക്ഷിതമായി പലതും സംഭവിയ്ക്കും... അതെല്ലാം നേരിടാനും മുന്നോട്ട്‌ പോകാനും നമുക്ക്‌ കഴിയണം..." അവന്‍ ആശ്വസിപ്പിക്കാനായി പറഞ്ഞു.

"അല്ലാ.. ആ ബന്ധം അത്ര നിസ്സാരമായിരുന്നില്ലാ... എനിയ്ക്ക്‌ ഇനി വേറെ പ്രേമിക്കാനോ വിവാഹം കഴിക്കാനോ അര്‍ഹതയില്ല..." ഇത്‌ പറഞ്ഞപ്പോഴേയ്ക്ക്‌ അവളുടെ കണ്ഠം ഇടറിയിരുന്നു.

ആ വാക്കുകളില്‍ നിന്ന് അവന്‌ അവള്‍ ഉദ്ദേശിച്ചതെന്താണെന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ...

"നിങ്ങള്‍ തമ്മില്‍...???" വെറുതേ ഒന്ന് ഉറപ്പിക്കാന്‍ അവന്‍ ചോദിച്ചു.

"അതേ... ഒരിയ്ക്കല്‍....." അവള്‍ കണ്ണുകള്‍ തുടച്ച്‌ ഒരു പുസ്തകം കയ്യിലെടുത്ത്‌ അതില്‍ കണ്ണും നട്ട്‌ ഇരുന്നു.

അല്‍പസമയം അവനും നിശബ്ദമായി. എന്നിട്ട്‌ അവന്‍ പറഞ്ഞു.... "അതെല്ലാം മറക്കാന്‍ ശ്രമിക്കൂ.... അതൊന്നും ഭാവിയേയോ മറ്റ്‌ സ്നേഹബന്ധങ്ങളേയോ ബാധിക്കരുത്‌...."

അവള്‍ അല്‍പം അല്‍ഭുതം കലര്‍ന്ന ഒരു നോട്ടത്തോടെ അവനുനേരെ മുഖം തിരിച്ചു.

"അതേ... അതൊന്നും എനിയ്ക്ക്‌ പ്രശ്നമല്ലാ.... " അവന്‍ ഉറപ്പിച്ച്‌ പറഞ്ഞു.

അവളില്‍ അവനെക്കുറിച്ച്‌ അത്‌ വല്ലാത്ത ഒരു മതിപ്പും സ്നേഹവും ബഹുമാനവും ഉണ്ടാക്കി.

മെസ്സേജുകളുടേയും ഫോണ്‍ വിളികളുടേയും എണ്ണവും ദൈര്‍ഘ്യവും കൂടിക്കൂടിവന്നു.

മെസ്സേജുകളിലൂടെ അവര്‍ സ്നേഹബന്ധത്തിന്റെ ആഴവും പരപ്പും തീവ്രതയും അനുഭവിച്ചു... ചില രാത്രികളില്‍ മെസ്സേജുകളിലൂടെ പ്രണയത്തിന്റെ തീവ്രഭാവമായി കാമം ജ്വലിച്ച്‌ നില്‍ക്കുകയും ആ താപം അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ പരസ്പരം പടര്‍ന്ന് അതിന്റെ വൈകാരികസീമകളില്‍ സ്പര്‍ശിച്ച്‌ അവരെ ഒന്നിപ്പിക്കുകയും ചെയ്തു.

നാളുകള്‍ കടന്നുപോയി.... അവള്‍ അല്‍പം മാനസികസമ്മര്‍ദ്ദത്തിലാണെന്നകാര്യം അവളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അവന്‍ മനസ്സിലാക്കി. മെസ്സേജുകളുടേയും ഫോണ്‍ കോളുകളുടേയും എണ്ണം വളരെ ചുരുങ്ങി. അവള്‍ എന്തോ ഒരു അകല്‍ച്ച പ്രകടിപ്പിക്കുന്നതായി അവന്‌ ബോദ്ധ്യപ്പെട്ടു.

നേരിട്ട്‌ വിശദമായി സംസാരിക്കാനുള്ള അവസരങ്ങളോ സന്ദര്‍ഭങ്ങളോ വളരെ ചുരുക്കമായതിനാല്‍ ഒരിക്കല്‍ അവന്‍ ഫോണില്‍ വിളിച്ച്‌ അവളോട്‌ എല്ലാം തുറന്ന് പറയാന്‍ ആവശ്യപ്പെട്ടു.

"ഞാന്‍ വല്ലാത്ത ഒരു വിഷമഘട്ടത്തിലാണ്‌.... നമുക്ക്‌ ഇനി അധികം ബന്ധപ്പെടേണ്ടാ... അത്‌ എനിയ്ക്ക്‌ കൂടുതല്‍ മാനസികപ്രയാസം ഉണ്ടാക്കുകയേ ഉള്ളൂ..." അവള്‍ പറഞ്ഞു.

"അതെന്താ?? എന്റെ ഭാഗത്ത്‌ നിന്ന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും സംഭവിച്ചോ...??? പ്രശ്നം എന്താണെന്ന് പറയൂ..."

"ഇല്ലാ.. അതുകൊണ്ടല്ലാ... നമുക്ക്‌ അറിയാമല്ലോ.... ഈ ബന്ധം പ്രാക്റ്റിക്കലല്ലാ എന്ന്..."

"അത്‌ നമ്മള്‍ തീരുമാനിക്കണം... പ്രാക്റ്റിക്കലാവാന്‍ രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടേല്‍ അതും നടക്കും... വീട്ടില്‍ സംസാരിച്ച്‌ സമ്മതിപ്പിക്കുന്ന കാര്യം ശ്രമിച്ചുനോക്കാം.. എന്താ.,,??"

"അയ്യോ വേണ്ടാ... എന്ത്‌ സംഭവിച്ചാലും എന്റെ വീട്ടില്‍ സമ്മതിക്കില്ലാ... എനിയ്ക്ക്‌ ഇനി അങ്ങനെ ഒരു റിസ്ക്‌ എടുക്കാന്‍ വയ്യാ.. പ്ലീസ്‌..." അവള്‍ വിഷമത്തോടെ പറഞ്ഞു. അവളുടെ വാക്കുകള്‍ ദുഖത്താല്‍ മുറിവേറ്റിരുന്നു.

"എങ്കില്‍ ശരി... വേണ്ടാ... നമുക്ക്‌ അങ്ങനെ തീരുമാനിക്കാം.. പക്ഷേ, ഈ വിഷമം എന്താണെന്ന് പറയൂ... നമുക്ക്‌ ഒരു പരിഹാരമുണ്ടാക്കാം... നല്ലൊരു സുഹൃത്തായി ഞാന്‍ എല്ലാത്തിനും കൂടെ ഉണ്ടാവും...." അവന്‍ പറഞ്ഞു.

"രണ്ട്‌ ദിവസത്തിനുള്ളില്‍ ഞാന്‍ പറയാം.... എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യമാണ്‌.. അത്‌ അറിഞ്ഞാല്‍ ഉടനേ ഞാന്‍ പറയാം.... എന്നോട്‌ കൂടുതല്‍ ഒന്നും ചോദിക്കരുത്‌.... പ്ലീസ്‌..." അവള്‍ ഫോണ്‍ കട്ട്‌ ചെയ്യാന്‍ തിടുക്കം കൂട്ടി.

"എന്നാലും .... എന്നോട്‌ പറഞ്ഞൂടേ??? വേറെ വിവാഹ ആലോചനയോ ഇഷ്ടമോ ഉണ്ടോ?.."

"ഒരാളെ എനിയ്ക്ക്‌ ഇഷ്ടമാണ്‌.... ആ ആള്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലാ... ഇന്നോ നാളെയോ ആലോചിച്ചിട്ട്‌ പറയാം എന്നാണ്‌ പറഞ്ഞത്‌.... എന്നോട്‌ ദേഷ്യം തോന്നരുത്‌..." അവള്‍ കരഞ്ഞുതുടങ്ങിയിരുന്നു.

"കരയല്ലേ.... അതൊക്കെ ശരിയാവും.... എന്നെക്കൊണ്ട്‌ ചെയ്യാവുന്ന സഹായം ഞാന്‍ ചെയ്തോളാം... പറഞ്ഞാല്‍ മതി.." ഇത്രയും പറഞ്ഞ്‌ അവന്‍ ഫോണ്‍ സംസാരം നിര്‍ത്തി.

അവന്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. നിരാശയല്ലായിരുന്നു വികാരം.. മറിച്ച്‌ ഒരു അല്‍ഭുതവും ആകാംക്ഷയും വല്ലാത്ത ദുരൂഹതയും...

സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച്‌ അവന്‍ ചിന്തിച്ചു. പ്രക്റ്റിക്കലല്ലാത്ത ഒരു ബന്ധം തുടരുന്നതില്‍ വലിയ കഴമ്പില്ലെന്ന് അവനും അറിയാം.. അവനും അതിന്റെ പ്രായോഗികതയെ ക്കുറിച്ച്‌ പലപ്പോഴും ആലോചിച്ചിട്ടുണ്ടെങ്കിലും ഒരു പരിസമാപ്തി എങ്ങനെ എന്ന് ചിന്തിച്ചിട്ടില്ലാ.. കാരണം, ആ ദിനങ്ങളും ആ ബന്ധവും അവനും ഒരുപാട്‌ സന്തോഷം പ്രദാനം ചെയ്തിരുന്നു.
അവള്‍ വേറെ പ്രേമിക്കുകയോ കല്ല്യാണം കഴിക്കുകയോ ചെയ്യാന്‍ പടില്ല എന്നല്ലാ... പക്ഷേ, ഇത്‌ വല്ലാത്ത ഒരു ഗതിമാറ്റം തന്നെ.....


(തുടരുമായിരിയ്ക്കും....)