Monday, June 2, 2008

ഹോം നഴ്സ്‌

"നാളെ പുറപ്പെടണം... ചാലക്കുടിയ്ക്കടുത്ത്‌ ഒരു വീട്ടില്‍ കിടപ്പിലായ ഒരു അമ്മൂമ്മയെ നോക്കാനാണ്‌.." ഹോം നഴ്സിംഗ്‌ സ്ഥാപനത്തിന്റെ മാനേജര്‍ വിളിച്ച്‌ പറഞ്ഞത്‌ കേട്ട്‌ ബാഗില്‍ വസ്ത്രങ്ങളെല്ലാം അടുക്കിവച്ചു.

പിറ്റേന്ന് വീട്ടുകാര്‍ പറഞ്ഞുതന്നതനുസരിച്ച്‌ ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നിറങ്ങി. അവിടെ അവര്‍ കാറുമായി വന്നിരുന്നു. അവരുടെ കൂടെ വീട്ടിലേയ്ക്ക്‌... പോകുന്ന വഴിയ്ക്ക്‌ കുറച്ച്‌ കുശലങ്ങള്‍ ചോദിച്ചു... പതിവ്‌ ചോദ്യങ്ങള്‍, പതിവ്‌ ഉത്തരങ്ങള്‍... തന്റെ വീട്ടുകാരെക്കുറിച്ചും ഭര്‍ത്തവിനെയും മക്കളെയും കുറിച്ചും....

വീട്ടിലെത്തി... 75 വയസ്സുള്ള അമ്മൂമ്മ... നടക്കാന്‍ വയ്യാതായിരിക്കുന്നു.. കാലിന്റെ എല്ല് ചെറിയ പൊട്ടലുണ്ട്‌ അത്രേ.. ഇനി ശരിയാവില്ല എന്ന് തോന്നുന്നു... പാവം...

'അപ്പോ ഈ പാവം മരിക്കുന്നവരെ നോക്കാനായിരിക്കും എന്നെ കൊണ്ടുവന്നത്‌' മനസ്സില്‍ ഉറപ്പിച്ചു.

സ്വന്തം മക്കള്‍ പോലും ശുശ്രൂഷിക്കാന്‍ മടിക്കുന്നു... അവര്‍ക്ക്‌ സമയവുമില്ല, സൗകര്യവുമില്ല, ഭാഗ്യത്തിന്‌ സാമ്പത്തിക ശേഷിയുണ്ട്‌.. അതുകൊണ്ട്‌ ഈ പാവം നരകിക്കുന്നില്ല...

ആ അമ്മൂമ്മയെ പരിപാലിച്ച്‌ ദിവസങ്ങള്‍ കടന്നുപോയി.. രാത്രികാലങ്ങളില്‍ വേദനകൊണ്ട്‌ അമ്മൂമ്മ കരയുകയും ഇടയ്ക്കിടയ്ക്ക്‌ മൂത്രമൊഴിക്കാനു മറ്റും സഹായം ആവശ്യപ്പെടുകയും ചെയ്യും... അതുകൊണ്ട്‌ തന്നെ രാത്രി അധികം ഉറക്കമില്ല..

പകലാണെങ്കില്‍ അമ്മൂമ്മയെ കാണാനും മറ്റും ആളുകള്‍ വരും, അല്ലാത്ത സമയത്ത്‌ അമ്മൂമ്മ ഉറങ്ങും... അപ്പോഴും തനിയ്ക്ക്‌ വീട്ടുകാരെ സഹായിക്കലും അമ്മൂമ്മയുടെ വസ്ത്രങ്ങള്‍ അലക്കുകയും ചെയ്യുന്ന തിരക്കാണ്‌..

ഒരു ദിവസം അമ്മൂമ്മയ്ക്ക്‌ അസുഖം കൂടുതലായി.. ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയിലും എല്ലാ പരിചരണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി കൂടെത്തന്നെ ഉണ്ടായിരുന്നു... ഒടുവില്‍ ആ അമ്മൂമ്മ മരിച്ചു... മക്കള്‍ക്കും മറ്റും ദുഖമുണ്ടായെങ്കിലും ആശ്വാസമായിരുന്നോ കൂടുതലും എന്ന് സംശയം... 'അമ്മ അധികം കഷ്ടപ്പെടാതെ പോയല്ലോ' എന്നതാണോ 'അധികം കഷ്ടപ്പെടുത്താതെ പോയല്ലോ' എന്നതോ കാരണം?

എന്തായാലും വല്ലാത്ത ദുഖം തോന്നി.. തന്റെ ആരുമല്ലെങ്കിലും കുറേനാള്‍ പരിചരിച്ചതല്ലേ.. അവരുടെ വേദനയും അവരുടെ വേവലാതികളും രാവും പകലും കേട്ടതല്ലേ... പാവം....

ഇനി എങ്ങോട്ട്‌?

ഏജന്‍സിയിലേയ്ക്ക്‌ തിരികെ ചെല്ലാന്‍ പറഞ്ഞു. കൊണ്ടുവന്ന ബാഗും ആ വീട്ടുകാര്‍ സന്തോഷത്തോടെ കൊടുത്ത ഒന്ന് രണ്ട്‌ ഡ്രസ്സുമായി തിരിച്ചു.

രണ്ട്‌ ദിവസങ്ങള്‍ക്കകം മറ്റൊരുവീട്ടില്‍ 6 മാസം പ്രായമയ കുട്ടിയെ നോക്കാന്‍ പോകണമെന്ന് അറിയിച്ചു.

ആ വീട്ടുകാര്‍ ഏജന്‍സിയില്‍ വന്ന് കൊണ്ടുപോയി... ഭാര്യയും ഭര്‍ത്താവും ജോലിക്കാര്‍... കുട്ടിയെ നോക്കാന്‍ രണ്ടുപേരുടെ വീട്ടില്‍ നിന്നും സ്ഥിരമായി വന്ന് നില്‍ക്കാന്‍ ആര്‍ക്കും ഒഴിവില്ല... എങ്കിലും ഇടയ്ക്കിടയ്ക്ക്‌ ആരെങ്കിലും വരും...

ആ കൊച്ച്‌ കുഞ്ഞിനെ താലോലിച്ച്‌ അത്‌ ഉറങ്ങുമ്പോള്‍ വീട്ട്‌ ജോലിയും ചെയ്ത്‌ ദിവസങ്ങള്‍ മുന്നോട്ട്‌.. നല്ല വീട്ടുകാര്‍, തന്റെ കാര്യങ്ങളില്‍ ഒരു വേര്‍തിരിവും കാണിക്കുന്നില്ല... കുട്ടിയെ പരിപാലിക്കുന്നതിനാല്‍ താന്‍ മറ്റ്‌ ദുഖങ്ങളൊന്നും അറിയുന്നില്ല... അതിന്റെ കാര്യങ്ങള്‍ നോക്കുകയും കളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതില്‍പരം എന്ത്‌ സന്തോഷം...

പക്ഷെ, ഇടയ്ക്ക്‌ കുഞ്ഞ്‌ ഉറങ്ങുമ്പോള്‍ വെറുതേ പഴയ ചിന്തകള്‍ കയറിവരും... എല്ലാവരോടും പറയുമ്പോള്‍ ഭര്‍ത്താവും കുട്ടികളും എല്ലാവരും ഉണ്ട്‌.. പക്ഷേ..........................................

ഭര്‍ത്താവ്‌ വിവാഹമോചനം കഴിഞ്ഞ്‌ വേറെ കെട്ടിയെന്ന് ആരോടെങ്കിലും പറയാന്‍ പറ്റുമോ? എന്ത്‌ കാരണം പറയും? വ്യഭിചാരക്കുറ്റമാണ്‌ തന്നില്‍ ആരോപിച്ചതെന്ന് പറയാനൊക്കുമോ? ഭര്‍ത്താവിന്റെ ആശാരിപ്പണികൊണ്ട്‌ കുടുംബം മുന്നോട്ട്‌ നീങ്ങാതായപ്പോള്‍ സ്വന്തമായി ഒരു ജോലി തേടിയതാണോ തെറ്റ്‌.... പല വീടുകളിലും സ്ഥലങ്ങളിലുമായി മാറിമാറി താമസിക്കേണ്ടിവന്നു എന്നത്‌ സത്യം തന്നെ.. പക്ഷേ, മാസംതോറും വീട്ടിലേയ്ക്കും തന്റെ അച്ഛനും അമ്മയ്കും അനിയത്തിയ്ക്കും അവരുടെ ചിലവിനായി പണമയയ്ക്കാന്‍ കഴിഞ്ഞത്‌ അതുകൊണ്ടല്ലേ....

ഊരുചുറ്റല്‍ നിര്‍ത്തി വീട്ടില്‍ വന്ന് നില്‍ക്കാന്‍ ഭര്‍ത്താവ്‌ നിര്‍ബദ്ധിച്ചതിന്റെ കാരണം വിശ്വാസമില്ലായ്മയാണെന്നറിഞ്ഞപ്പോള്‍ അതിന്റെ പേരിലാണെങ്കില്‍ പറ്റില്ലെന്ന് ശഠിച്ചു എന്നത്‌ ശരിതന്നെ. തന്റെ അഭിമാനബോധത്തെയാണ്‌ വ്രണപ്പെടുത്തിയത്‌.. അല്ലെങ്കില്‍ സമ്മതിക്കുമായിരുന്നോ... ആവോ അറിയില്ല...

അന്ന്,... ബോംബെയിലെ ഒരു വീട്ടുകാര്‍ക്ക്‌ വേണ്ടിപോയ സമയത്താണ്‌ ഭര്‍ത്താവ്‌ വിവാഹമോചന നടപടികള്‍ പൂര്‍ത്തീകരിച്ചത്‌.. എന്തേ കോമ്പ്രമൈസിന്‌ തയ്യാറാവാതിരുന്നത്‌? തന്റെ പിടിവാശിയാണോ? എന്തായാലും അതങ്ങിനെയായി... കുട്ടികള്‍ ഭര്‍ത്താവിനോടൊപ്പം തന്നെ..

ആദ്യമൊക്കെ അവരെ സ്കൂളിലും മറ്റും പോയി കണ്ടിരുന്നു.. ഇപ്പോ അവര്‍ക്കും തന്നെ കാണുന്നത്‌ എതിര്‍പ്പായിരിയ്ക്കുന്നു.. അവരും വിശ്വസിക്കുന്നോ ഞാന്‍ വൃത്തികെട്ടവളാണെന്ന്? എങ്കില്‍ അവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കണ്ടല്ലോ എന്ന് വിചാരിച്ച്‌ ഇപ്പോ പോകാറില്ലാ... എന്നെങ്കിലും അവര്‍ക്ക്‌ ബോധ്യപ്പെട്ട്‌ വരുന്നെങ്കില്‍ വരട്ടെ..

ഇപ്പോ രണ്ടുമക്കളും വളര്‍ന്നു.. മൂത്തവന്‍ വര്‍ക്ക്ഷോപ്പില്‍ പോകുന്നു, മകള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു... നാട്ടില്‍ വയസ്സായ അച്ഛനമ്മമാരുടെ അടുത്ത്‌ പോകുമ്പോള്‍ ഭര്‍ത്താവിന്റെ ജോലിസ്ഥലത്തിന്റെ മുന്നിലൂടെയാണ്‌ പോകുക. തന്നെ തോല്‍പ്പിച്ചു എന്ന് തോന്നാതിരിക്കാന്‍ നല്ല വസ്ത്രം ധരിച്ച്‌ ഗമയില്‍ തന്നെയാണ്‌ പോകാറ്‌... അഹങ്കാരി എന്ന് തോന്നുന്നുണ്ടാവും... ആവട്ടെ... എന്നാലും തോല്‍ക്കാന്‍ മനസ്സില്ല.. പക്ഷേ, എത്രകാലം...

വീട്ടില്‍ അച്ഛനും അമ്മയ്ക്കും തന്നെ വിശ്വാസമാണെന്നതാണ്‌ ഒരു ആശ്വാസം.. അനിയത്തിയ്ക്കുപോലും രണ്ട്‌ ദിവസത്തില്‍ കൂടുതല്‍ വീട്ടില്‍ നിന്നാല്‍ ഇഷ്ടപ്പെടില്ല... എല്ലാവര്‍ക്കും അവരവരുടെ കാര്യം.. കുറ്റം പറയാന്‍ കഴിയില്ലല്ലോ...

കാലങ്ങളായി പല വീടുകളിലും നിന്ന് ജോലിചെയ്തത്‌ ചേര്‍ത്ത്‌ വച്ച്‌ ഒരു ചെറിയ വീട്‌ വാങ്ങണമെന്നാണ്‌ ആഗ്രഹം.. ആ നാട്ടില്‍ അന്തസ്സായി സ്വന്തം വീട്ടില്‍ ജീവിക്കണം.. ആരെയും ആശ്രയിക്കാതെ ജോലിയെടുത്ത്‌ കഴിയണം.

ഒടുവില്‍ ഒരു മുറിയും അടുക്കളയുമുള്ള ഒരു ചെറിയ വീട്‌... അത്‌ വാങ്ങിത്തരാന്‍ നാട്ടിലുള്ള ഒരു കൂട്ടുകാരിയുടെ ഭര്‍ത്താവ്‌ സഹായിച്ചു... ഒരു പാവം മനുഷ്യന്‍... കൂട്ടുകാരി അറിഞ്ഞാല്‍ അയാളെ സംശയിക്കും, അതുകൊണ്ട്‌ തന്നെ അയാള്‍ നേരിട്ട്‌ ഒന്നിലും ഇടപെട്ടില്ല.. ഒരു വസ്തു കൊടുക്കാനുള്ള വിവരം അറിയിക്കുകയും വേണ്ട നടപടികള്‍ക്ക്‌ സഹായിക്കുകയും ചെയ്തു..

കുട്ടിയുടെ ഉറക്കമുണര്‍ന്നുള്ള കരച്ചില്‍ കേട്ട്‌ ഓര്‍മ്മകളുടെ കൂമ്പാരത്തിന്നിടയില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു...

കുട്ടിയെ എടുത്ത്‌ താലോലിച്ച്‌ അതിനുള്ള ഭക്ഷണം കൊടുത്തു. എത്ര കുട്ടികളെയായി നോക്കുന്നു.. സ്വന്തം അമ്മയെപ്പോലെ.. നോക്കിയ പലകുട്ടികളും വളര്‍ന്ന് വലുതായിട്ടുണ്ടാകും.. സ്കൂളില്‍ പോയിത്തുടങ്ങിയിട്ടുണ്ടാവും... അവരൊന്നും തന്നെ ഇപ്പോ അറിയില്ല...ഓര്‍ക്കുന്നേ ഉണ്ടാവില്ല.. എങ്ങനെ ഓര്‍ക്കും.. ഓര്‍ക്കാനുള്ള പ്രായമാകുമ്പോഴെയ്ക്ക്‌ താന്‍ സ്ഥലം മാറിപ്പോവില്ലേ.. പോകെണ്ടിവരില്ലേ... തനിയ്ക്ക്‌ ഓരോ കുട്ടിയേയും ഓര്‍മ്മയുണ്ട്‌...അവരുടെ കൊഞ്ചലുകളും കുസൃതികളും.. കാണാന്‍ കൊതിയുണ്ടെങ്കിലും എന്ത്‌ ചെയ്യാന്‍?

പകല്‍ അധികവും കുട്ടിയെ നോക്കലും വീട്ടുജോലിയുമായി പോകും.. രാത്രി ഉറങ്ങാം കിടക്കുമ്പോള്‍ വീണ്ടും പഴയ കഥകള്‍ മനസ്സിലേയ്ക്ക്‌ അതിക്രമിച്ച്‌ കടക്കും.. ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടിട്ടല്ല, എങ്കിലും..............................

ചില വീടുകളില്‍ ആദ്യമൊക്കെ സംശയമായിരുന്നു... മോഷ്ടിക്കുമോ എന്നും മറ്റും നേരിട്ട്‌ ചോദിച്ചിട്ട്‌ വരെയുണ്ട്‌ ചിലര്‍... എന്ത്‌ ചെയ്യാന്‍, തന്റെ ജോലി ഇങ്ങനെയൊക്കെ ആയിപ്പോയില്ലേ...

ചിലരുടെ നോട്ടം തന്നെ എന്തോ ദുരുദ്ദേശം വച്ചിട്ടുള്ളതാണ്‌. പലപ്പോഴും തോന്നിയിട്ടുണ്ട്‌ എന്തിനാണ്‌ ഇങ്ങനെ വല്ല്യ അഭിമാനിയാവുന്നതെന്ന്... ചിലരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്ക്‌ സമ്മതിച്ചുകൊടുത്താല്‍ പല ഗുണങ്ങളുമുണ്ട്‌.. എന്നിട്ടും കഴിഞ്ഞില്ലാ... പക്ഷേ, ചീത്തപ്പേരിനുമാത്രം നാട്ടില്‍ കുറവില്ല. അതങ്ങനെയൊക്കെ തന്നെ... തനിയ്ക്കെന്ത്‌ ചെയ്യാന്‍ കഴിയും...

ഒരു വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ആലോചിച്ചു.. പക്ഷേ, തനിയ്ക്ക്‌ ഇനി കുട്ടികളുണ്ടാവില്ലല്ലോ.. എങ്കിലും ഇങ്ങനെ അലഞ്ഞ്‌ നടക്കാതെ ഒരു വീട്‌..

ഈ കുഞ്ഞും വളര്‍ന്നിരിയ്ക്കുന്നു.. 3 വയസ്സാവാറായി... തന്നെ കുട്ടിയ്ക്ക്‌ വല്ല്യ കാര്യമാണ്‌. അതുകൊണ്ട്‌ തന്നെ വീട്ടുകാര്‍ക്ക്‌ ഒരു പേടി... താന്‍ ഒരു ബാധ്യതയാകുമോ എന്ന്... കുട്ടിയ്ക്ക്‌ കൂടുതല്‍ അടുപ്പം വന്നാല്‍ പിന്നീട്‌ വേര്‍പിരിയുമ്പോള്‍ മാനസികസംഘര്‍ഷം ഉണ്ടാവുമത്രേ... അവരുടെ അമ്മ വീട്ടില്‍ വന്ന് നില്‍ക്കാന്‍ സാധിക്കുന്ന അവസ്ഥയായിരിയ്ക്കുന്നു... അതുകൊണ്ട്‌ തന്നെ അടുത്തമാസം മുതല്‍ ഏജന്‍സിയിലേയ്ക്ക്‌ തന്നെ തിരിച്ച്‌ പൊയ്ക്കൊള്ളാന്‍ പറഞ്ഞു.

പോകുന്ന ദിവസം വല്ലാതെ കരഞ്ഞുപോയി.. എല്ലായിടത്ത്‌ നിന്നും പോകുമ്പോള്‍ നിറയുന്ന കണ്ണുകള്‍ ആരും കാണാതെ ശ്രദ്ധിച്ചിരുന്നു... ഇവിടെ മാത്രം അതിനുകഴിഞ്ഞില്ലാ.. ആ കുഞ്ഞിനെ കെട്ടിപ്പിടിച്ച്‌ ഒരുപാട്‌ കരഞ്ഞു.. ആ വീട്ടുകാര്‍ക്കും വിഷമമായി എന്ന് തോന്നുന്നു... ഒടുവില്‍ മനസ്സിന്‌ ധൈര്യം കൊടുത്ത്‌ ബാഗുമെടുത്ത്‌ നടന്നു...

അടുത്ത സ്ഥലത്തേയ്ക്ക്‌... വേദനാജനകമായ എത്രയോ വേര്‍പിരിയലുകള്‍ ഇനിയും ബാക്കി.... താന്‍ നോക്കിവളര്‍ത്തിയ കുഞ്ഞുങ്ങളെല്ലാം സുഖമായിരിയ്ക്കണേ എന്ന പ്രാര്‍ത്ഥനമാത്രം മനസ്സില്‍....